ശറഈ ഗണിതങ്ങള്‍ മെട്രിക് വ്യവസ്ഥയിലൂടെ


ശറഈ ഗണിതങ്ങള്‍ മെട്രിക് വ്യവസ്ഥയിലൂടെ
ശൈഖുനാ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ പനങ്ങാങ്ങരയുടെ
(അല്‍ഹിസാബു ശറഇ ഫിന്നിളാമില്‍ മിത്രീ എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം)
വിവര്‍ത്തകന്‍: അബ്ദുള്ള ദാരിമി പനങ്ങാങ്ങര. (((എന്‍റെ ബഹുമാന്യ ജ്യേഷ്ട സഹോദരന്‍-യമനൊളി)))
മെട്രിക്ക് സിസ്റ്റം (metric system)
മീറ്റര്‍, കിലോഗ്രാം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള തൂക്കങ്ങളുടെയും അളവുകളുടെയും ദശാംശ( (decimal system) രീതിയാണ് മെട്രിക്ക് സിസ്റ്റം അഥവാ മെട്രിക്ക് അളവുസമ്പ്രദായം.
മെട്രിക്ക് നീളങ്ങള്‍
10 മില്ലി മീറ്റര്‍  =    1 centimeter
10 സെന്റീമീറ്റര്‍ =    1 decimeter
10 ഡെസീമീറ്റര്‍  =    1 meter
10 മീറ്റര്‍   = 1 decameter
10 ഡെക്കാമീറ്റര്‍ = 1 hectometer
10 ഹെക്‌ടോ മീറ്റര്‍   = 1 kilometer
1000 മീറ്റര്‍ = 1 kilometer
ഇന്ത്യന്‍ നാഴിക
ഒരിന്ത്യന്‍ നാഴിക 1609 മീറ്ററും 3 സെന്റീമീറ്ററുമാണ് ഒരു കിലോ മീറ്റര്‍ 1000 മീറ്ററാണെന്ന് നാം മനസ്സിലാക്കിയ സ്ഥിതിക്ക് കിലോ മീറ്ററുകളെ 1609. 3 ല്‍ ഹരിച്ചാല്‍ അവയുടെ ബ്രിട്ടീഷിന്ത്യന്‍ നാഴികയുടെ കണക്ക് ലഭിക്കുന്നതാണ്. ഉദാ : 32186 km ന്റെ ഇന്ത്യന്‍ മൈല്‍സ് അറിയാന്‍ 1609.3 ല്‍ ഹരിച്ചാല്‍ മതി.
32186 km÷1609.3 = 20x1000=20,000.32186 km, എന്നത് 20000 ഇന്ത്യന്‍ മൈലാണ്.
മെട്രിക് കുഴിയളവുകള്‍
10 മില്ലീ ലിറ്റര്‍  = 1 centiliter
10 സെ. ലിറ്റര്‍   = 1 deciliter
10 ഡെസി ലിറ്റര്‍ =1 liter
10 ലിറ്റര്‍  =  1 decalitter
10 ഡെക്കാലിറ്റര്‍ =    1 hecto litter
10 ഹെക്‌ടോ ലിറ്റര്‍   =    1 kilo liter
മെട്രിക് തൂക്കങ്ങള്‍
10 മില്ലി ഗ്രാം   = 1 centigram
10 സെ. ഗ്രാം    = 1 decigram
10 ഡെ.സി.ഗ്രാം  = 1 gram
10 ഗ്രാം   = 1 decagram
10 ഡെക്കാഗ്രാം  = 1 hectogram
10 ഹെക്‌ടോ ഗ്രാം    = 1 kilogram
10 കിലോ ഗ്രാം  1 meiogram
1000 കി.ഗ്രാം = 1 mertric ton
ഒരു കിലോ ഗ്രാം 100 ഡെക്കാഗ്രാമോ 1000 ഗ്രാമോ ആണ്. ഓരോ ഗ്രാമും 1000 മില്ലി ഗ്രാം ആണ്.
ബ്രിട്ടീഷ് ഇന്ത്യന്‍ ഉറുപ്പിക തൂക്കം
 ചെമ്പ് കൂടിക്കലര്‍ന്ന വെള്ളി നാണയങ്ങള്‍ ഇടപാടുകള്‍ക്കായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു(ഓരോ ഉറുപ്പികയും ഒരു തോള ആയിരിന്നു. ഒരു തോള 11 ഗ്രാമും 664 മില്ലി ഗ്രാമുമാണ്-ഓരോ ഉറുപ്പികയും 30 പണത്തൂക്കം ഓരോ പണത്തൂക്കവും 12 വീശത്തൂക്കം - ഓരോ വീശത്തൂക്കവും മധ്യ നിലയിലെ നെല്‍മണിത്തൂക്കം)
ഒരു ഉറുപ്പിക   = 1 തോള
ഒരു തോള = 11.664 ഗ്രാം
ഒരു ഉറുപ്പിക   = 30 പണത്തൂക്കം
ഒരു പണതൂക്കം = 12 വീശത്തൂക്കം
ഒരു വീശം = 1 നെല്‍മണി (മധ്യനിലയിലെ) ഇതു പ്രകാരം ഓരോ പണത്തൂക്കവും 0.3888 ഗ്രാം (11.664÷30 = 0.3888) ഓരോ വീശത്തൂക്കം 0.0324 അതായത് ഏകദേശം 32.4 മില്ലി ഗ്രാം. അതൊരു നെല്‍മണിത്തൂക്കമാകും.
വെള്ളത്തിന്റെ ഊഷ്മാവ്
വെള്ളത്തിന്റെ താപനില 2 രൂപത്തിലാണ്.
1 .ഫേരന്‍ ഹീറ്റ് (fahren heat)
വെള്ളത്തിന്റെ ഊഷ്മാവ് അളക്കാനുള്ള പ്രത്യേക അളവു കോലാണിത്. പൂജ്യത്തിന് മുകളില്‍ 32 ഡിഗ്രിയില്‍ വെള്ളം ഐസാവുകയും 212 ഡിഗ്രിയില്‍ തിളക്കുകയും ചെയ്യും(അല്‍ മൗരിദ് 334).
2. സെന്റിഗ്രേഡ് (centigrade)
വെള്ളം തിളക്കുന്നതിനും ഐസാകുന്നതിനുമിടയിലുള്ള ഊഷ്മാവിനെ നൂറ് ഓഹരി വെച്ചാല്‍ ഓരോ ഓഹരിയും സെന്റി ഗ്രേഡ് പ്രകാരമുള്ള ഓരോ ഡിഗ്രിയായിരിക്കും. വെള്ളം തിളക്കുമ്പോള്‍ 1000c യും ഐസാകുമ്പോള്‍ 00c  യുമാകും. 32 ഫാരന് ഹീറ്റ് ഡിഗ്രിക്ക് മുകളിലുള്ള ഊഷ്മാവിനെ 1.8 കൊണ്ട് ഹരിക്കുകയോ അല്ലെങ്കില്‍ 5/9 ല്‍ ഗുണിക്കുകയോ ചെയ്താല്‍ സെന്റി ഗ്രേഡ് ഡിഗ്രി ലഭ്യമാകും.
ഉദാ: വെള്ളത്തിന്റെ ഫാരന്‍ഹീറ്റ് ഡിഗ്രി 68 ആണെങ്കില്‍ 36(68-32= 36)നെ 1.8 ല്‍ ഹരിക്കുകയോ അല്ലെങ്കില്‍ 5/9 ല്‍ ഗുണിക്കുകയോ ചെയ്താല്‍ ഉത്തരം 20 സെന്റിഗ്രേഡ് എന്നാകും.(36 ÷1.8=200c ,36x 5/9=200c).
വെള്ളത്തിന്റെ അളവ് ലിറ്ററിലും കിലോഗ്രാമിലും
സാധാരണ വെള്ളത്തിന്റെ ഊഷ്മാവ് 4 ഡിഗ്രിക്ക് സമീപമാണ്. 4 ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെയാണ് ജലത്തിന്റെ ഊഷ്മാവെങ്കില്‍ 1 ലിറ്റര്‍ 1കി.ഗ്രാമിന് തുല്യമാണ്. നീളം, വീതി, ആഴം എന്നിവ 1 മീറ്ററുള്ള കുഴിയില്‍ 1000 കി.ഗ്രാമിനോട് തുല്യമാകുന്ന 1000 ലിറ്റര്‍ വെള്ളമുണ്ടാകും. 1 മില്യണ്‍ സെ.മീ. ചുറ്റളവിലുള്ള സമചതുര കുഴിയിലെ വെള്ളം ഒരു മില്ല്യണ്‍ സെന്റീ ഗ്രാമിന് തുല്ല്യമായിരിക്കും.

ഊഷ്മാവിന്റെ ഡിഗ്രിയുടെ വ്യത്യാസമനുസരിച്ച് തെളിഞ്ഞ ശുദ്ധജലത്തിന്റെ തൂക്കത്തില്‍ വരുന്ന മാറ്റം കാണിക്കുന്ന പട്ടിക.
വെള്ളത്തിന്റെ ചൂട് ഡിഗ്രി എഫില്‍   40           50           60           70           80           90           100         110         120                150
വെള്ളത്തിന്റെ ചൂട് ഡിഗ്രി സെന്റീ ഗ്രൈഡില്‍    4.44        10           15.55     21.11     26.66     32.22                37.77     43.33     48.88     65.55
1000 ലിറ്റര്‍ വെള്ളത്തിന്റെ തൂക്കം 1000       1000       999         998         997         995         993         991         980
മിസ്ഖാല്‍
ഭാരം എന്നര്‍ത്ഥമുള്ള സിഖല്‍ എന്ന ക്രിയ ധാതുവില്‍ നിന്നാണ് മിസ്ഖാല്‍ എന്ന പദം രൂപപ്പെട്ടത്. ഒരു നിശ്ചിത അളവില്ലാതെ കുറഞ്ഞതിലും കൂടിയതിലും ഉപയോഗിക്കാവുന്ന വിധത്തില്‍ തൂക്കം, കനം എന്നര്‍ത്ഥത്തില്‍ മിസ്ഖാല്‍ എന്ന പദം ഉപയോഗിക്കാറുണ്ട്.
ഇബ്‌നുല്‍ അസീര്‍ (റ) പറയുന്നു: ചെറുതോ വലുതോ ആകട്ടെ ഒരു വസ്തുവിന്റെ തൂക്കത്തിന് മിസ്ഖാല്‍ എന്നു പറയും
    'മിസ്ഖാലു ദറ റ' എന്നതിന്റെ അര്‍ത്ഥം അണുമണി തൂക്കം എന്നാണ്. (നിഹായ:ഇബ്‌നു അസീര്‍ വാ: 1, പേ: 217)
                ഇമാം റാസി (റ) എഴുതുന്നു  'മിസ്ഖാലു ദറ റ' എന്ന ഖുര്‍ആനിക പദത്തിന്റെ അര്‍ത്ഥം അണുമണി തൂക്കത്തിനോട് തുല്യമാകുന്ന തൂക്കമുള്ളത് എന്നാണ് (വാ:1 പേ: 101). നിശ്ചിത തൂക്കം അഥവ ദീനാര്‍ തൂക്കത്തിനും മിസ്ഖാല്‍ എന്നു പ്രയോഗിക്കപ്പെടുന്നു. 'മിസ്ഖാല്‍ എന്ന പദത്തെ ദീനാറിനു മാത്രമായി ജനങ്ങള്‍ ഉപയോഗിക്കുന്നതു കാണാം പക്ഷെ, ദീനാറിനോട് തുല്യമായ തൂക്കത്തിനുപയോഗിക്കുന്നതുപോലെ പൊതുവായ തൂക്കത്തിനും ഉപയോഗിക്കും എന്നതാണ് ശരി (നിഹായ: ജബ്‌നു അസീര്‍ വാ:1, പേ: 217)'
ദിനാര്‍
മിസ്ഖാലിന്റെ തുല്യ തൂക്കത്തിലുള്ള മാണയമായി അടിക്കപ്പെട്ട സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് ദീനാര്‍  എന്നുപയോഗിക്കുന്നു. നാണയം എന്ന ഉദ്ദേശ്യത്തിനല്ലാതെ നിശ്ചിത മിസ്ഖാല്‍ തൂക്കത്തിനും ദീനാര്‍ എന്ന പദം ഉപയോഗത്തിലുണ്ട് ഉദാ:- എനിക്ക ഒരു ദീനാര്‍ മിസ്‌ക് തരൂ. മിസ്ഖാലിനോട് തുല്യമായ ഒരു ദീനാറിന്റെ തൂക്കത്തിലുള്ള കസ്തൂരി ആവശ്യപ്പെടുകയാണ് ഈ വാചകത്തിലൂടെ. മിസ്ഖാലും ദീനാറും തുല്യ തൂക്കമാണ്.
മിസ്ഖാല്‍ അതു ദീനാര്‍ തന്നെയാണ് (മിസ്ബാഹുല്‍ മുനീര്‍ വാ:1, പേ:192) മിസ്ഖാലും ദീനാറും ഒന്നു തന്നെയായതിനാല്‍ ഒരേ സ്ഥലത്ത് രണ്ട് പദങ്ങളും മാറി മാറി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ഉപയോഗിക്കുന്നത് കാണാം. ചിലപ്പോള്‍ 20 മിസ്ഖാലില്‍ സകാത്ത് ഉണ്ടെന്നുപറയും. മറ്റൊരു സന്ദര്‍ഭത്തില്‍ 20 ദിനാര്‍ സകാത്ത് എന്നായിരിക്കും പറയുക.
മൗഹിബ വാ:4, പേ:4 ഇങ്ങനെ കാണാം.മിസ്ഖാല്‍ എന്നതിനു പകരം പല സ്ഥലത്തും ദീനാര്‍ എന്നു പണ്ഡിതര്‍ ഉപയോഗിച്ചതായി കാണാം. കാരണം ഇസ്‌ലാമിന് മുമ്പും ശേഷവും മിസ്ഖാലിന്റെ അതേ തൂക്കത്തില്‍ മാത്രമാണ് ദീനാര്‍ അടിച്ചുവന്നതെന്നതിനാല്‍ മിസ്ഖാലിന് ദീനാര്‍ എന്നു പ്രയോഗിക്കപ്പെട്ടു.
ജാഹിലിയ്യത്തിലും ഇസ്‌ലാമിലും ദീനാറിന്റെ തൂക്കത്തില്‍ മാറ്റം വന്നിട്ടില്ല. ഇബ്‌നു രിഫ്അ (റ) യുടെ അല്‍- ഈളാഹു വത്തിബ്‌യാനില്‍ പറയുന്നു: ഇസ്‌ലാമിന് മുമ്പും ശേഷവുമായി മിസഖാലിന്റെ തൂക്കത്തില്‍ മാറ്റം വന്നിട്ടില്ലെന്നതില്‍ ശാഫീ മദ്ഹബിന്റെ ആളുകള്‍ക്കിടയില്‍ അഭിപ്രായാന്തരമില്ലെന്നതാണ് അവരുടെ വാചകങ്ങളില്‍ നിന്നും ബോധ്യമാകുന്നത്.(പേ:48)
ദിര്‍ഹം
നിശ്ചിത തൂക്കത്തിനും അടിക്കപ്പെട്ട നാണയത്തിനും ദീനാര്‍ ഉപയോഗിക്കപ്പെടും പ്രകാരം ദിര്‍ഹം  എന്ന പദത്തെയും നിര്‍ണ്ണിത തൂക്കതിനും വെള്ളി നാണയത്തിനും ഉപയോഗിക്കാറുണ്ട്. വെള്ളി നാണയങ്ങള്‍ കനം കുറഞ്ഞതും കൂടിയും വ്യത്യസ്ഥ തൂക്കത്തിലായി ഇസ്‌ലാമിലും ജാഹിലിയ്യത്തിലും അടിക്കപ്പെട്ടിട്ടുണ്ട്.വസ്‌നു ദിര്‍ഹം (ദിര്‍ഹം തൂക്കം) എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന നിശ്ചിത തൂക്കം ഇടപാടുകാര്‍ക്കിടയില്‍ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിലും ശറഈ പണ്ഡിതരുടെ അടുക്കല്‍ മാറ്റം വന്നിട്ടില്ല.
ദിര്‍ഹമിന്റെ തൂക്കം
ശറഇയ്യായ ദിര്‍ഹമിന്റെ തൂക്കം  ഓരോ പത്ത് ദിര്‍ഹവും ഏഴ് മിസ്ഖാലിനോട് തുല്ല്യം എന്ന അനുപാതത്തിലാണ്
(10ദിര്‍ഹം =7 മിസ്ഖാല്‍) ബസ്‌നുസ്സബ്അ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത് പ്രകാരം ഒരു ദിര്‍ഹം 1/2 ദീനാറും ഒരു ദീനാറിന്റെ 1/5മാണ്. ഇനി ഇങ്ങനെയും പറയാം. ഒരു ദീനാര്‍ ഒരു ദിര്‍ഹമും ഒരു ദിര്‍ഹമിന്റെ 3/7ഉം ആകുന്നു.  (10 ദിര്‍ഹം= 7 മിസ്ഖാല്‍, 1 ദിര്‍ഹം = 1/2 + 1/5 ദീനാര്‍, 1 ദീനാര്‍ = 1. 3/7 ദിര്‍ഹം ) അബൂ ദാവൂദും നസാളും റിപ്പോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഹദീസാണ് ഇതിന് തെളിവായി അവലംബിക്കപ്പടുന്നത്.
നബി (സ) പറഞ്ഞു. 'കുഴിയളവ് സ്വീകരിക്കപ്പെടേണ്ടത് മദീനയുടെയതും തൂക്കം മക്കയുടേയുമാണ്.'
ചോദ്യം :- പ്രവാചകരുടെ (സ) കാലഘട്ടത്തില്‍ ദിര്‍ഹമിന്റെ തൂക്കം വ്യത്യസ്തമായിരുന്നുവല്ലോ? അപ്പോള്‍ സ്വീകരിക്കപ്പെടേണ്ടത് മക്കയുടെ തൂക്കമാണെന്ന് പറഞ്ഞത് ഏത് തൂക്കത്തെയാണ് അര്‍ത്ഥമാക്കുന്നത് എന്ന് തിരിച്ചറിയുമോ?
ഉത്തരം :-നബി (സ്വ)യുടെ കാലത്ത്  'വസ്‌നു ദിര്‍ഹം' എന്നറിയപ്പെട്ടിരുന്ന ഒരു നിശ്ചിത തൂക്കം പരിശുദ്ധ മക്കയിലുണ്ടായിരുന്നു. ഈ പരക്കെ അറിയപ്പെട്ട  'തൂക്കം മക്കയിലെ തൂക്കമാണ്' എന്ന പ്രസ്താവനകൊണ്ട് നബി (സ്വ) ഉദ്ദേശിച്ചത്. ഇത് ഇന്നേവരെ ശറഇന്റെ അഹ്‌ലുകാര്‍ക്കിടയില്‍ പ്രസിദ്ധമാണ്. നബി (സ്വ) അംഗീകരിച്ചതും സ്വഹാബത്ത് ഇജ്മാആക്കിയതുമാണത്(അക്കാര്യം ശേഷമുള്ള വിവരണത്തില്‍ നിന്ന് മനസ്സിലാകും). ഈ തൂക്കത്തിന്  'വസ്‌നുസ്സബ്അ' എന്നു പറയപ്പെടുന്നു. കാരണം ഓരോ 10 ദിര്‍ഹമും 7 മിസ്ഖാല്‍ തൂക്കത്തിന് തുല്ല്യമാണ.് അതേ സമയം, വ്യത്യസ്ത തൂക്കങ്ങളിലുണ്ടായിരുന്ന ദിര്‍ഹമുകള്‍ ഇടപാടുകളിലെ ദിര്‍ഹമുകളാണ്. നബി (സ്വ)യുടെ കാലത്ത് മൂന്ന് വിധം തൂക്കത്തിലുള്ള മൂന്ന് തരം ദിര്‍ഹമുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയിലെ മദ്ധ്യമ ദിര്‍ഹമിനെയാണ് 'തൂക്കം മക്കയിലെ തൂക്കമാകുന്നുഎന്ന ഹദീസ് കൊണ്ട് നബി (സ്വ) വിവക്ഷിച്ചത്.  
ഹൗഫീ പണ്ഡിതന്‍ ശൈഖ് മുല്ലാ മിസ്‌കീന്‍ (റ) എഴുതുന്നു.'വസ്‌നുസ്സബ്അ' എന്ന തൂക്കത്തിന്റെ  അടിസാഥാനം താഴെ പറയും പ്രകാരമാണ്.ആരംഭത്തില്‍ ദിര്‍ഹം 3 വിധത്തിലായിരുന്നു-(1).10 ദിര്‍ഹം =10 മിസ്ഖാല്‍. ഈ ഇനത്തില്‍ ആരോ ദിര്‍ഹമും ഒരു മിസ്ഖാലിന് തുല്ല്യമായിരിക്കും.(2).10 ദിര്‍ഹം=6 മിസ്ഖാല്‍. ഇത് പ്രകാരം 1 ദിര്‍ഹം =3/5 മിസ്ഖാല്‍ ആയിരിക്കും. (3).10 ദിര്‍ഹം = 5 മിസ്ഖാല്‍, ഇതില്‍ ഓരോ ദിര്‍ഹവും 1/2 മിസ്ഖാലിന് തുല്ല്യമായിരിക്കും. ഉമര്‍ (റ) ഭരണമേല്‍ക്കുന്നത് വരെ ഈ മൂന്ന് ഇനം നാണയങ്ങളിലും ക്രയവിക്രയം നടന്നിരുന്നു. ഇവയുടെ സകാത്ത് പരിപൂര്‍ണ്ണമായി പിടിച്ചെടുക്കാന്‍ ഉമര്‍ (റ) തീരുമാനിച്ചു. ഏറ്റവും തൂക്കമുള്ള ദിര്‍ഹമിന്റെ കണക്ക് വെച്ച് സകാത്ത് നല്‍കാനാണ് ഉമര്‍ (റ) ആവശ്യപ്പെട്ടത്. ഇത് ലഘൂകരിക്കണമെന്ന്  ജനങ്ങള്‍ ആവശ്യപ്പെട്ടു. തദവസരത്തില്‍ ഉമര്‍ (റ)വിന്റെയും പ്രജകളുടെയും ഉദ്ദേശങ്ങളെ സമന്വയിപ്പിക്കുന്ന മധ്യ നിലയിലുള്ള കണക്ക് രൂപപ്പെടുത്താന്‍ അക്കാലത്തെ ഗണിത ശാസ്ത്ര വിദഗ്ദരെ ഉമര്‍ (റ) ഒരുമിച്ച് കൂട്ടി.  അങ്ങനെ വസ്‌നുസ്സബ്അ: എന്ന തൂക്കം കണക്കാക്കി  നിലവിലുണ്ടായിരുന്ന 3 ഇനങ്ങളില്‍ നിന്ന് 10 ദിര്‍ഹമുകളെ ശേഖരിച്ചു. അപ്പോള്‍, 21 മിസ്ഖാല്‍ ആയി. 10+5+6=21 പിന്നീട് അതിന്റെ മൂന്നിലൊന്നിനെ 10 വീതം ദിര്‍ഹമിന്റെ നിശ്ചിത തൂക്കമായി പ്രഖ്യാപിച്ചു. 21/3=7( കന്‍സുദ്ദഖാഇഖ്-പേ:57)
ഉമര്‍ (റ)വിന്റെ കാലഘട്ടത്തില്‍ ഗണിത പണ്ഡിതര്‍ കണക്കാക്കിയ ഈ മധ്യ തൂക്കത്തെയാണ് മക്കയുടെ തൂക്കമാണ് സ്വീകരിക്കപ്പെടേണ്ട തൂക്കമെന്ന വാക്കിലൂടെ നബി (സ) വിവക്ഷിച്ചിരുന്നത്.കാരണം നബി (സ) യുടെ കാലത്ത് ഇതാണ് പരക്കെ അറിയപ്പെട്ടിരുന്നതെന്നത്.
ഇമാം മാര്‍വദി (റ) പറയുന്നു. ദിര്‍ഹമുകള്‍ 6 ദാനുകുകള്‍ ആണെന്ന് ഇസ്‌ലാമില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
(1 ദിര്‍ഹം = 6 ദാനക
1 ദാനക = 1/6 ദിര്‍ഹം) ഓരോ പത്ത് ദിര്‍ഹമും 7 മിസ്ഖാലിനോട് തുല്യമാകും (അല്‍അഹ്കാമു സുല്‍ത്താനിയ പേ:195)
                ഇമാം നവവി(റ) എഴുതുന്നു:  നമ്മുടെ അസ്ഹാബ് പറഞ്ഞു. 1 ദീനാര്‍ 6 ദാനകകളാണെന്നും 10 ദിര്‍ഹം 7 മിസ്ഖാല്‍ ആണെന്നതിലും ആദ്യം കാലഘട്ടക്കാര്‍ ഏകാഭിപ്രായക്കാരാണ്. മിസ്ഖാലിന് ഇസ്‌ലാമിലും ജാഹിലിയ്യത്തിലും മാറ്റം വന്നിട്ടില്ല. (ശറഫ് മുസ്‌ലിം വാ: 4 പേ:60)
ശൈഖ് മഹ്മൂദ് മുഹമ്മദ് ഖത്താബു സുബ്കി (റ) എന്നവര്‍ അബൂദാവുദിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു. നവവി (റ) ശറഹു മുസ്‌ലിമില്‍ പറഞ്ഞു. പ്രവാചകരുടെ കാലഘട്ടത്തില്‍ ദിര്‍ഹം എന്ന് നിരുപാധികം പറയുമ്പോള്‍ മനസ്സിലാകുന്ന ഒരു നിശ്ചിത തൂക്കം ഉണ്ടായിരിന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ്‌സകാത്തിന്റെ അളവും മറ്റുംനോക്കിയിരുന്നതെന്ന് വിശ്വസിക്കാവുന്നതും അവലംബിക്കാവുന്നതുമായ അഭിപ്രായമാണ് ദിര്‍ഹം എന്നു പറയുമ്പോള്‍ ഒരു നിശ്ചിത അളവിനെ മനസ്സിലാക്കപ്പെടുന്നതിനോട് വിരുദ്ധമല്ല. അവിടെ അതിനേക്കാള്‍ കൂടുലോ കുറവോ ആയ മറ്റു ദിര്‍ഹമുകള്‍ ഉണ്ടായിരിന്നു എന്നത് നബി (സ) നിരുപാധികം ദിര്‍ഹം എന്നുപറഞ്ഞാല്‍ പെട്ടെന്ന് ഗ്രഹിക്കാറുുള്ള 10 ദിര്‍ഹം= 7 മിസ്ഖാല്‍ എന്ന അര്‍ത്ഥത്തിലാണ് വിവക്ഷിക്കപ്പടേണ്ടത്. ഒന്നാം നൂറ്റാണ്ടുകാര്‍ക്കും ശേഷമുള്ളവര്‍ക്കും. ഈ അളവില്‍ ഏകോപനമുണ്ടെന്നത് പ്രവാചക കാലഘട്ടത്തില്‍ അത് നിശ്ചിത അളവില്‍ അറിയപ്പെട്ടിരുന്നു എന്നതിന് തെളിവാണ്. നബി (സ) യുടെയും ഖുലാഫാഇന്റെയും കാലഘട്ടത്തിന് വിരുദ്ധമായി ഇവരെല്ലാം ഏകോപിക്കുക എന്നത് അനുവദനീയമല്ലെന്നത് തന്നെയാണ് കാരണം (അല്‍ മന്‍ഹലുകള്‍ അദ്ബുല്‍ മൗറൂദ് വാ: 9, പേ=126) 

.പ്രത്യകേ ശ്രദ്ധക്ക്
മിസ്ഖാലിന് ഇസ്ലാമിലും ജാഹിലിയ്യത്തിലും മാറ്റമുണ്ടായിട്ടില്ലെന്ന് ഇമാം നവവിയും (റ) മറ്റും പറഞ്ഞത് അവരുടെ കാലഘട്ടത്തിലൊ അല്ലെങ്കില്‍ അവരുടെ മുമ്പുള്ള ഇമാമുകളുടെ കാലത്തോ ആണെന്നുവെക്കേണ്ടതാണ്. കാരണം പില്‍കാലത്ത് മാസ്ഖാലിന് മാറ്റം സംഭവിച്ചുട്ടുണ്ടെന്ന് ഇബ്‌നു ഹജര്‍ (റ) തങ്ങള്‍ സൂചിപ്പിക്കുന്നു. അദ്ദേഹം പറയുന്നു- മുമ്പ് പറഞ്ഞ വിശദീകരണത്തോട് തീര്‍ത്തും യോജിക്കാത്ത മാറ്റങ്ങള്‍ മിസ്ഖാലില്‍ പിന്‍കാലത്ത് സംഭവിച്ചിട്ടുണ്ട്. ചിന്തകര്‍ ഇക്കാര്യ ഗൗനിക്കുകയും വിത്യാസം വരുന്നതിന്റെ മുമ്പുള്ള ഇമാമുകളുടെ വാക്കുകളോട് യോജിക്കുന്ന കണക്കില്‍ - ഗവേഷകണം നടത്തുകയും ചെയ്യേണ്ടതാണ്. അങ്ങനെ ചിന്തിക്കട്ടെ. (തുഹ്ഫ 3/265)
ശറഈ ദീനാറും ദിര്‍ഹമും മെട്രിക് രീതിയില്‍ :-
ഇസ്ലാമിക നിയമ സംഹിതയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ദീനാറും ദിര്‍ഹമും ആധുനിക രീതിയില്‍ മനസ്സിലാക്കേണ്ട വഴികളെ വിശദീകരിക്കാം.
ഒരു ദിനാര്‍ 72 ധാന്യം ഒരു ദിര്‍ഹം 50 2/5 ധാന്യത്തിന്റെ തൂക്കം എന്നിങ്ങനെ ശാഫിഈ കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ കണക്കാക്കിയിട്ടുണ്ട്.
മിസ്ഖാലിന് ഇസ്ലാമിലും ജാഹിലിയ്യത്തിലും തൂക്കമാറ്റം വന്നിട്ടില്ല. അത് 72 ധാന്യമാണ്. ധാന്യമെന്നത് കൊണ്ടുദ്ദേശിക്കുന്നത് മധ്യനിലയിലുള്ള ബാര്‍ളിയാണ്. തൊലി പൊളികാത്തതും രണ്ടറ്റത്തുമുള്ള നീണ്ടതും നേര്‍ത്തതുമായ നാരുകള്‍ മുറുക്കപെട്ടതുമാണവ. (തുഹ്ഫ - 3/294) മറ്റു ശാഫിഈ ഗ്രന്ഥങ്ങളിലുംഇത് കാണാം.
 ദിര്‍ഹമിന്റെയും ദീനാറിന്റെയും കൃത്യതൂക്കമറിയാന്‍ ഈ മാര്‍ഗ്ഗമവലംബിക്കല്‍ വളരെ പ്രയാസമേറിയതാണ്. കാരണം ധാന്യങ്ങള്‍ സാധാരണ വിത്യസ്ത തൂക്കത്തിലുള്ളതായിരിക്കും. അവയില്‍ നിന്നും മധ്യനിലയിലുള്ളതിനെ വേര്‍തിരിക്കുക എളുപ്പമല്ല.
ദൃസ്സാക്ഷ്യവഴി
ദിനാര്‍ ദിര്‍ഹം എന്നിവയുടെ തൂക്കം കണ്ടെത്താനുള്ള ദൃസ്സാക്ഷ്യ വഴി അല്ലാമ അബ്ദുല്‍ ഖദീം സല്ലും അവതരിപ്പിക്കുന്നു. അദ്ദേഹം തന്റെ അല്‍ അംവാലു ഫീ ദൗലത്തില്‍ ഖിലഫ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ശരീഅത്തില്‍ പറയുന്ന തൂക്കങ്ങളെ കൃത്യതയോടെ മനസ്സിലാക്കാനുള്ള മാര്‍ഗമാണ് പുരാവസ്തു ഗവേഷണം. ബിസന്‍തിയ്യ ദീനാറുകള്‍ (അബ്‌റാതൂരിയ്യാ എന്ന റോമന്‍ രാജ്യം) കിസ്‌റയുടെ ദിര്‍ഹമുകള്‍, ഇസ്ലാമിക ഭരണകൂടങ്ങളുടെ പ്രത്യേകിച്ച് അബ്ദുല്‍ മലിക്ബ്‌നു മര്‍വാന്റെ കാലത്ത് ശറഅി തൂക്കപ്രകാരം നിര്‍മ്മിക്കപ്പെട്ട ദിനാര്‍ ദിര്‍ഹമുകള്‍ എന്നിവ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിക കാലഘട്ടങ്ങളില്‍ ഉപയോഗിച്ചു വന്ന നിരവധി നാണയങ്ങള്‍ മ്യൂസിയങ്ങളില്‍ ഇന്നും സൂക്ഷിക്കപ്പെടുന്നു. ഇവയുടെ തൂക്കങ്ങള്‍ വിശദമായ പരിശോധനക്ക് ശേഷം മ്യൂസിയത്തിന്റെ നടത്തിപ്പുകാര്‍ കൃത്യമായി രേഖപ്പെടുത്തിയതായി കാണാം. മര്‍വാന്റെ കാലത്ത് അടിച്ചിറക്കിയ ഇസ്‌ലാമിക ദീനാറിന്റെ തൂക്കം 4.25 ആണെന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നു. ബീസന്തിനിയ്യയില്‍ വ്യാപകമായിരുന്ന സ്വര്‍ണ നാണയം സൂലിദോസിന്റെ  തൂക്കത്തിന് അവലംബിച്ചിരുന്ന യൂനാനി ദറാക്കീമുകളുടെ തൂക്കവും ഇതുതന്നെ. ഇസ്ലാമിലും ജാഹിലിയ്യത്തിലും ഉപയോഗിച്ചിരുന്നത് ബീസന്തിയ്യാ ദിനാറുകള്‍ ആയിരിന്നു. (പേജ് 204)
ദിനാര്‍ ഒരു മിസ്ഖാല്‍ ആണല്ലോ. മിസ്ഖാല്‍ തൂക്കങ്ങളുടെ അടിസ്ഥനവും. മിസ്ഖാലിന്റെ തൂക്കമറിഞ്ഞാല്‍ മറ്റു അളവുകള്‍ ലളിതമായി മനസ്സിലാക്കാം. ദിര്‍ഹം ദാനഖ ഖീറാത്ത്, ധാന്യം ഇവയുടെ തൂക്കങ്ങള്‍ കൃത്യവും ലളിതവും ആയി ഗ്രഹിക്കാന്‍ മിസ്ഖാലിനെ അവലംബിക്കാനാകും.(പേജ്-204)-
ശൈഖ് അബ്ദുല്‍ ഖദീം സല്ലൂം വിശദീകരിച്ച ഈവഴി ദൃസ്സ്യക്ഷ്യത്തിന്റെയും നേര്‍കാഴ്ചയുടെയും ആയതിനാലും ഇതരപഠനങ്ങള്‍ക്ക് ഏറെ യോജ്യമായതിനാലും തുടര്‍ന്നുള്ള  കണക്കുകളില്‍ ഇത് അവലംബിക്കാനാണ് ആഗ്രഹിക്കുന്നത്.
10 ദിര്‍ഹം 7 മിസ്ഖാല്‍ ആണെന്ന് നേരെത്തെ സൂചിപ്പിച്ചത് പ്രകാരം ഓരോ ദിര്‍ഹമും ഒരു ദിനാറിന്റെ 10ല്‍ 7 നോട് തുല്ല്യമാവുന്നു (10 ദിര്‍ഹം = 7 മിസ്ഖാല്‍, 1 ദിര്‍ഹം =7/10 ദിനാര്‍) ഒരു ദിനാറിന്റെ തൂക്കമായ 4.25 ഗ്രാമിന്റെ പത്തില്‍ 7 ഭാഗം ഗണിച്ചെടുത്താല്‍ ഒരു ദിര്‍ഹമിന്റെ കൃത്യമായ തൂക്കം ലഭിക്കുന്നു.
10 ദിര്‍ഹം = മിസ്ഖാല്‍, 1 ദിര്‍ഹം = 7/4 മിസ്ഖാല്‍
1 മിസ്ഖാല്‍ = 4.25 ഗ്രാം. 4.25*7/10 = 2.975
1 മിസ്ഖാല്‍ = 4.25 ഗ്രാം
1 ദിര്‍ഹം = 2.975 ഗ്രാം
മധ്യനിലയിലെ മുഴം
നടുവിരലിന്റെ അറ്റം മുതല്‍ മുട്ടിന്‍ കയ്യിന്റെ അറ്റം വരെയുള്ള നീളത്തിനാണ് ദിറാഅ് (മുഴം) എന്ന് പറയുന്നത്. (ഖാമൂസുല്‍ല്‍ മുഹീത്)
ഇമാം നവമി (റ) പറയുന്നു. മധ്യനിലയിലുള്ള 24 വിരലിന്റെ വീതിയാണ് ഒരു മുഴം. ഒരു വിരല്‍ മധ്യനിലയിലുള്ള 6 ഗോതമ്പുമണികളുടെ വീതിയാണ്. (ശറഹുല്‍ മുഹദുബ് 3/223)
                ഇപ്രകാരം നിരവധി കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. പക്ഷെ. ഈ മാര്‍ഗമവലംബിച്ച് ദിറാഇന്റെ നീളമറിയുക പ്രയാസമാണ്. കാരണം മനുഷ്യരുടെ നീളം വിത്യസ്ത രാഷ്ട്രങ്ങളിലായി വിവിധ രൂപത്തിലാണ് കാണപ്പെടുന്നത്. പാകിസ്താനികളേക്കാള്‍ വലുതാണ് അഫ്ഗാനികളുടെ മുഴം കൈകള്‍. എന്നാല്‍ യമനികളേക്കാള്‍ വലുതായിരിക്കും പാകിസ്താമികളുടേത് വിരലുകളുടെയും വിത്തുകളുടെയും അവസ്ഥ ഇപ്രകാരം തന്നെ.  അതിനാല്‍ മധ്യമ ദിറാഇന്റെ നീളത്തില്‍ കൃത്യത ലഭിക്കാന്‍ മറ്റൊരു വഴി നമുക്കന്വേഷിക്കാം.
2 ഖുല്ലത്ത് വെള്ളത്തിന്റെ വിശദീകരണത്തില്‍ അതിന്റെ തൂക്കം 500 ബാഗ്ദാദി റാതലാണെന്ന് ഫുഖഹാഅ് പറയുന്നു. ഒരു ബാഗ്ദാദി റാതല്‍ നവമി ഇമാം (റ) പ്രബലമാക്കിയതു പ്രകാരം 128 4/7 ദിര്‍ഹമാണ്. (128.571) ഒരു ദിര്‍ഹം 2.975 ഗ്രാമാണെന്ന് വരുമ്പോള്‍ 2 ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കം 191. 25 കിലോ ഗ്രാം ആയിരിക്കുമല്ലോ.
2 ഖുല്ലത്ത് =    500 ബാഗ്ദാദി റാതല്‍
1 ബാഗ് ദാദി റാതല്‍  =    128. 4/7 ദിര്‍ഹം
ഒരു ദിര്‍ഹം    =    2.975 ഗ്രാം
128.4/7 x 500      =             64285.71 ദിര്‍ഹം
64285.71 x 2.975               =             191249.99 ഗ്രാം
191249.99/1000 =             191.25 കി.ഗ്രാം
191. 25 കി.ഗ്രാം രണ്ട് ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കമാണ്. ഒരു കിലോ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന്റെ തൂക്കമാണ്. സാധാരണ ഊഷ്മാവില്‍ ഒരു കിലോ ഗ്രാം വെള്ളം ഒരു ലിറ്റര്‍ആയിരിക്കുമെന്നു മുന്‍ വിശദീകരണ പ്രകാരം രണ്ട് ഖുല്ലത്ത്  വെള്ളം 191.25 ലിറ്റര്‍ ആയിരിക്കും.
191.25 ലിറ്റര്‍ വെള്ളം 57.615 സെന്റീമീറ്റര്‍ ഭുജമുള്ളള്ള സമചതുര ടാങ്കിനോട് തുല്ല്യമാവും. 57.615x (3 191.25 = 57.615)
                57.615 സെ.മി ഭുജം 1 1/4 മുഴത്തിന് സമമായതാണ്. എന്തെന്നാല്‍ രണ്ട് ഖുല്ലത്ത് വെള്ളം ഉള്‍ക്കൊള്ളാവുന്ന ഒരു സമചതുര പാത്രത്തിന്റെ ഒരു ഭുജം (വശം) 1 1/4 മുഴമാണെന്ന്ഫുഖഹാഅ് നിര്‍ണ്ണയിച്ചിട്ടുണ്ട്. 2 ഖുല്ലത്ത് വെള്ളത്തിനു ഫുഖഹാഅ് പറഞ്ഞ തൂക്കളവും കോലളവും സംയോജജിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫലമാണിത്.
57.615 സെന്റീ മീറ്റര്‍ ഒന്നേകാല്‍ മുഴമാവുമ്പോള്‍ അതിന്റെ 4/5 കണ്ടെത്തിയാല്‍ ഒരു മുഴത്തിന്റെ സെന്റീ മീറ്റര്‍ ലഭ്യമാവും.
57.615/5 = 11.523
11.523 x 4 m = 46.092 സെന്റീമീറ്റര്‍
ഭിന്ന സംഖ്യകളെ ഒഴിവാക്കി ഒരു മുഴം=46.1 സെ.മി ആണെന്ന് പറയാം. അങ്ങനെ പറയുമ്പോളുണ്ടാവുന്ന ഏറ്റവ്യത്യാസം നേരിയതുംപൊറുക്കപ്പെടുന്നതുമാണെന്നാണ് ഫുഖഹാഇന്റെ പക്ഷം. ഏകദേശം ഒരു ബഗ്ദാദീറാതലിന്റെ നാലിലൊന്നിനോട് തുല്ല്യമാവുന്ന ഒരു ലിറ്ററിന്റെ പത്തിലൊന്ന് വ്യത്യാസമാണത്.ഒരു മുഴം=46.1 സെ.മി. പ്രകാരം ഒന്നേക്കല്‍ മുഴമെന്നത് 57. 625 സെന്റീ മീറ്റര്‍ എന്നാവും
46.1 / 4 = 11.525 + 46.1 = 57.625
അതിന്റെ ക്യൂബിക് ഗുണിതം 191.35 ലിറ്റര്‍ വരുന്നു. ഇതല്‍പം കൂടുതലാണ്. (57.6253 = 191.35). ഇതില്‍ നടേ പറഞ്ഞ ചെറിയ വ്യത്യാസത്തിന്റെ വര്‍ദ്ധനവേ ഉള്ളൂ.
ഇമാം നവവി (റ) തന്റെ മിന്‍ഹാജില്‍ പറയുന്നു. 2 ഖുല്ലത്ത് വെള്ളം ഏകദേശം 500 റാതലാണെന്നതാണ് പ്രബലം. ഇതിനേ തുഹ്ഫ (1-102)ല്‍ വ്യാഖ്യാനിക്കുന്നു. ഏകദേശ കണക്കായതിനാല്‍ ഒന്നോ രണ്ടോ റാതല്‍ കുറഞ്ഞാല്‍ പ്രശ്‌നമില്ല. അല്ലാമം അബ്ദുല്‍ ഖദീം സല്ലൂം എഴുതുന്നു.  തൂക്കിയിട്ട ഒരു മുഴം 46.2 സെന്റീമീറ്ററാണ്. പക്ഷെ 2 ഖുല്ലത്ത് വെള്ളത്തിന്റെ കോലളവിനെ കണക്കാക്കിയ ഫുഖഹാഇന്റെ വാക്യത്തോട് ഇത് യോജിക്കുന്നില്ല. അതുപ്രകാരം 2 ഖുല്ലത്തെന്നാല്‍ 192 -6 ലിറ്റര്‍ (k.g.) ആയിരിക്കും. കാരണം അതനുസരിച്ച് ഒന്നേക്കാല്‍ മുഴമെന്നത് 57.75 ആണ്. അപ്പോള്‍ അതിന്റെ ക്യൂബിക് ഗണിതം 57.753 = 192.6 ആണ്.
1 മുഴം = 46.2 / 4 = 11.55 +46.2 = 57.75
57.75 x  57.75 x  57.75 = 192.6
ഇത് ഫുഖഹാഅ് പറഞ്ഞതിനേക്കാള്‍ 1.35 ലിറ്റര്‍ വരുന്നുണ്ട് (192.6 - 191/25 = 1.35)
1.35 ലിറ്റര്‍ 3.53 ബാഗ്ദാദി റാതലിനോട് സമമാണ്. ഇത്രയും കുറവ് വന്നാല്‍ അത് പൊറുക്കപ്പെടാത്ത കമ്മിയാണെന്ന് തുഹ്ഫയുടെ വാചകത്തില്‍ നിന്ന് വ്യക്തമാണ്.
ശൈഖ് മഹ്മൂദ് മുഹമ്മദ് ഖത്താബു സുബ്കി (റ) എഴുതി മധ്യനിലയിലുള്ള ഒരു മുഴം 46 3/8 (46.375) ആണ്. അല്‍മന്‍ഹലില്‍ അദ്ബില്‍ മൗറൂദ് (7/54). ഇത് അബ്ദുല്‍ ഖദീം സല്ലൂം പറഞ്ഞതിനേക്കാളഅ# അധികമാണ്.
ചുരുക്കത്തില്‍ 2 ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കവും കോലളവും നിര്‍ണയിച്ച ഫുഖഹാളനോട് യോജികുന്നത്. ഒരു മുഴം 46.1 സെ.മീ എന്നതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലെയും കര്‍ണാടകയിലേയും 25 വയസ്സിനോടടുത്ത നാല്പ്പതിലധികം വ്യക്തികളെ പരിശോധിച്ചപ്പോള്‍ 46 സെ.മീ. അല്ലെങ്കില്‍ ഒരു സെന്റീ മീറ്ററില്‍ നിന്നും അല്‍പമോ കൂടിയ അളവുകളാണ് കണ്ടെത്തിയത്. ഫുഖഹാഅ് പറഞ്ഞത് ശരിയാണെന്ന് ഈ പരിശോധന തെളിയിക്കുന്നു.
ശ്രദ്ധക്ക്
രണ്ട് ഖുല്ലത്ത് വെള്ളത്തിന്റെ അളവറിയാന്‍ ഫുഖഹാഅ് സമചതുര പാത്രത്തിന്റെ കണക്ക് പറഞ്ഞത് പോലെ സിലിണ്ടര്‍ പാത്രത്തിന്റെ വ്യാപ്തിയും കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു. ഒരു മുഴം വ്യാസവും 2 1/2 മുഴം ആഴവുമുള്ള സിലിണ്ടറിനെ അവര്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. ഇതു പ്രകാരം സമചതുരപാത്രത്തിലുള്ളതിനേക്കാള്‍ 1.2 ലിറ്റര്‍ കൂടുതലുണ്ട്. അഥവാ 3.137 ബാഗ്ദാദി റാതല്‍ അധികമാവും. അത് കൊണ്ട് തന്നെ സിലിണ്ടറാകൃതിയില്‍ ഫുഖഹാഅ് പറഞ്ഞത് ഏകദേശ കണക്കാണെന്ന് പറയേണ്ടത് അനിവാര്യമാണ്. അതിനാലുണ്ടാവുന്ന ഏറ്റ വിത്യാസം സാരമായി ബാധിക്കുന്നതാണ്. പൊറുക്കപ്പെടില്ല. ഖല്‍യൂബി എഴുതിയത് ഇവിടെ പ്രസക്തമാണ്. സിലിണ്ടര്‍ പാത്രത്തിലെ  കണക്ക് രണ്ട് ഖുല്ലത്തും അതിലധികവുമുണ്ട്. (1/24)

നാണയ ദിര്‍ഹമും സ്വതന്ത്രദിര്‍ഹമീതൂക്കവും തമ്മില്‍ വേര്‍ത്തിരിവില്ല.
നാണയ ദിര്‍ഹമിന്റെ തൂക്കമാണ്. 2.975 gm. എന്നും അളവില്‍ ഉപയോഗിക്കപ്പെടുന്ന ദിര്‍ഹം 3.12 ആണെന്നും ചില സമകാലികര്‍ പറയുന്നു. അപ്രകാരം ദീനാറിലും അവര്‍ വിഭജനം നടത്തുന്നു. 4.457gm ാണ് ദീനാറെന്ന് വാദമുന്നയികുന്നു. പക്ഷെ ഈ വാദം ഫുഖഹാഇന്റെ വാചകങ്ങളുമായി ഒത്ത് പോകുന്നില്ല. 2 ഖുല്ലത്തിന്റെ അളവ് നിശ്ചയിക്കുന്നതില്‍ തൂക്കവും കോലളവും തമ്മില്‍ താരതമ്യപ്പെടുത്തി നാം നടത്തിയ പഠനം ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
ചവിട്ടടിയും കാല്‍പാദവും
~ഒരു മുഴം     = 2 കാല്‍ പാദം
ഒരു ചവിട്ടടി   = 3 കാല്‍ പാദം
കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇരു വ്യക്തമായി കാണാം ഒരു ചവിട്ടടി 3 കാല്‍ പാദമാണ്, ഒരു മുഴം 2 കാല്‍ പാദമോ 24 വിരലുകളോ ആണ്. ഒരു വിരല്‍ 6 ബാര്‍ളിയും ഒരു ബാര്‍ളി തുര്‍ക്കി കുതിരയുടെ 6 മുടിയുമാണ് (ഇഖ്‌നാഅ് 1/148)
ഒരു മുഴം 46.1 സെ.മീ. ആണെന്ന് നാം മുമ്പ് സമര്‍ത്ഥിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള ഗണിതഫലം ഒരു കാല്‍പാദം = 23.05സെ.മീ. ഒരു ചവിട്ടടി = 69.15 എന്നാവും.
ഒരു അബദ്ധം
ഒരു ചവിട്ടടിയുടെ നീളം നിര്‍ണയിക്കുന്നതില്‍ ചിലയാളുകള്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. ഒരു ചവിട്ടടി 2 കാല്‍പാകുമാണെന്നും ഒരു മുഴത്തോട് തുല്ലയമാണെന്നുമവര്‍ ധരിച്ച്വശായിരിക്കുന്നു. ഭാഷാ പണ്ഡിതര്‍ 1 ഖുത്‌വതി ന് നല്‍കിയ അര്‍ത്ഥം ഗ്രഹിക്കുന്നതിലുള്ള ധാരണാ പിശകാണിതിനു നിമിത്തം. അവരുടെ വിത്യസ്ത ഉദ്ധരിണകള്‍ കാണുക
ഒരു ഖുത്വതെന്നാല്‍ 2 കാല്‍ പാദങ്ങള്‍ക്കിടയിലെ ദൂരമാണ്. (ലിസാനുല്‍ അറബ്, സിഹാഹ്, അല്‍ ഖാമൂസുല്‍ മുഹീഥ്)
രണ്ടു കാലുകള്‍ക്കിടയുലുള്ള നീളമാണ് ഖുതുവത് (അല്‍ മിസ്ബാഹുല്‍ മുനീര്‍)
സൂറതുല്‍ബഖറ 168 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ തഫ്‌സീര്‍ ബൈളാവി എഴുതുന്നു. ഒരു ഖുതുവതെന്നാല്‍ നടക്കുന്നയാളുടെ 2 കാല്‍ പാദങ്ങള്‍ക്കിടയിലെ ദൂരമാണ്.
ഭൂമിയിലൂടെ നടക്കുന്നയാളുടെ കാല്‍പാദങ്ങള്‍ക്കിടയിലുള്ള ഒന്നാണ് എന്നെഴുതിയ ശേഷം തഫ്‌സീര്‍ ബഹ്‌റുല്‍ മുഹീഥ് തുടരുന്നു. അപ്പോള്‍ ഒരു ഖുതുവതെന്നാല്‍ നടക്കുന്ന വ്യക്തി ചവിട്ടിവെക്കുന്നന് വഴിദൂരമാണ്. (1/251)
ഒരു കോരി (ഗുര്‍ഫത്) യെന്ന്  പറയുന്നത് കൈകുമ്പിളിലെടുത്ത് വെള്ളത്തിനാണെന്ന പോലെ ചവിട്ടിവെക്കുന്ന സ്ഥലമാണ് ഖുതവത് (റാസി- 5/3) തഫ്‌സീര്‍ കശ്ശാഫീലും ഇബ്‌നുല്‍ അസിറി (റ) ന്റെ നിഹായയിലും സമാന ഇബാറത്തുകള്‍ കാണാം ഈ ഉദ്ദരണികളെ വ്യാഖ്യാനിക്കുന്നതില്‍ 3 അര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്.
1.മിതത്വമുള്ള നടത്തത്തില്‍ ഇരു കാല്‍ പാദങ്ങളുടെയും പിന്‍ഭാഗങ്ങള്‍ക്കിടിലെ ദൂരം(ചിത്രം എ. നോക്കുക)


2. ഇരു കാല്‍ പാദങ്ങളുടെ മുന്‍ഭാഗങ്ങള്‍ക്കിടയിലെ ദൂരം. (ചിത്രം ബി. നോക്കുക)


3. രണ്ടിലൊന്നിന്റെ മുന്‍ഭാഗത്തിന്റെയും മറ്റേതിന്റെ പിന്‍ഭാഗത്തിന്റെയും ഇടയിലെ അകലം. ഇതിനു 2 രൂപമുണ്ട്. (ചിത്രം സി,ഡി. നോക്കുക)




                മൂന്നാം സാധ്യതയിലെ ഒന്നാമത്തെ രൂപത്തെയാണ് ചിലര്‍ അര്‍ത്ഥമായികണ്ടത്. ഒരു മുഴവും ചവിട്ടടിയും തുല്ല്യമാണെന്നവര്‍ പറഞ്ഞ് കളയുകയും ചെയ്തു. രണ്ടിലൊന്നിന്റെ മുന്‍ഭാഗവും മറ്റേതിന്റെ പിന്‍ഭാഗവും അര്‍ഥമാക്കുന്ന കുഴപ്പമാണീ സാധ്യതയിലുള്ളത്. നിമിത്തങ്ങളില്ലാതെ പ്രബലപ്പെടുത്തുന്ന ഏര്‍പ്പാടാണിത്. മൂന്നാം സാധ്യതയിലെ രണ്ടു രൂപങ്ങളും തള്ളപ്പെടേണ്ടതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു.
                ആദ്യ രണ്ട് സാധ്യതകളിലേതും ഇവിടെ സ്വീകാര്യമായ വ്യാഖ്യാനമാണ്. തഫ്‌സീര്‍ റാസിയുടെയും ബഹ്‌റുല്‍ മുഹീഥിന്റെയും വാചകങ്ങള്‍ ഇതിനു തെളിവാണ്. ഒരു ചവിട്ടടി മൂന്ന് കാല്‍ പാദമാണെന്ന് ഫുഖഹാളന്റെ വിശദീകരണം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു സാധ്യതകളും ഒരേ കണക്കാണ് നല്‍കുന്നതെങ്കിലും രണ്ടാമത്തെ സാധ്യതയാണ് മുന്‍ഗണന നല്‍കപ്പെട്ടത്.
ഒരു കാല്‍പാദം 1/2 മുഴമാണെന്നും ഒരു ചവിട്ടടി മൂന്ന് കാല്‍പാദം അഥവാ ഒന്നര മുഴം ആണെന്ന് തെളിയിക്കുന്ന ഉദ്ധരണികള്‍ താഴെ.
                ഒരു ചവിട്ടടി മൂന്ന് മുഴമാവുമ്പോള്‍ ദീര്‍ഘയാത്രയെന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് 12,000 കാല്‍പാദമോ 6,000 മുഴമോ ആണ്. (നിഹയ : 2/246)
                ഒരു മൈല്‍ 4,000 ചവിട്ടടിയും ഒരു ചവിട്ടടി 3 കാല്‍ പാദവുമാണ്. (തുഹ്ഫാ, ശറഹ് മന്‍ഹജ്)
                ഒരു മൈല്‍ നാലായിരം ഖുതുവതും ഒരു ഖുതുവത് മൂന്ന് കാല്‍പാദവും ഒരു മുഴം രണ്ട് കാല്‍പാദവുമാണ് (ബുജൈരിമി-2/147)
ഒരു മൈല്‍ എത്ര ചവിട്ടടിയാണെന്ന് വ്യാഖ്യാതാവ് പറഞ്ഞിട്ടില്ല. അത് 4,000 ചവിട്ടടിയും ഒരു ചവിട്ടടി മൂന്ന് മനുഷ്യ കാല്‍പാദവുമാണ് (മദഹിബ 3/151)
ഒരു  ഹാശിമി മൈല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് കാഴ്ച അറ്റമാകുന്ന ദൂരമാണ്. അത് 4000 ചവിട്ടടിയും ഒരു ചവിട്ടടി മൂന്ന് കാല്‍പാദവുമാണ്. (മഹല്ലി 1/26)
                ഒരു കാല്‍പാദമെന്നത് 12 വിരലുകളാണ്. പന്ത്രണ്ട് വിരല്‍ അര മുഴവും. അപ്പോള്‍ ഒരു മുഴം 24 വിരലുകളാണ്. ഒരു വിരല്‍ ആറ് ബാര്‍ളികളുടെ വീതിയാണ്. ഒരു വിത്ത് 6 തുര്‍ക്കി കുതിരയുടെ മുടിയുടെ വീതിയുമാണ്. (ഖല്‍യൂബി 1/26)
ശറഇയ്യായ മുദ്ദും സ്വാ ഉം
ശരഇയ്യായ മുദ്ദിന്റെയും സ്വാഇന്റെയും അളവ് നിര്‍ണയിക്കുന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്‍രമുണ്ട്. എന്നാല്‍ മുദ്ദുന്നബി എന്ന പേരിലറിയപ്പെടുന്ന മദീനാ മുനവ്വറയിലെ 4 മുദ്ദുകള്‍ ചേര്‍ന്നതാണ് ഒരു സ്വാഅ് എന്നതില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്.
1 മുദ്ദ്    = 1 1/3 ബാഗ്ദാദി റാതല്‍
1 സ്വാഅ്  = 5 1/3 ബാഗ് ദാദി റാതല്‍
                നമ്മുടെ ഇമാം ശാഫിഈ (റ) യാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇമാം മാലിക്, അഹ്മദ്, അബൂയൂസുഫ്, ഹിജാസിലെ പണ്ഡിതന്മാര്‍ (റ) തുടങ്ങിയ ഒരു സംഘം ഇമാമിനോട് യോജിക്കുന്നു.
ഇറാഖിലെ പണ്ഡിതര്‍, ഇമാം അബൂഹനീഫ, മുഹമ്മദ് (റ) എന്നിവര്‍ മറ്റൊരു കണക്കാണ് നല്‍കുന്നത്.
1 മുദ്ദ് = 2 ബാഗ്ദാദി റാതല്‍
1 സ്വാഅ് = 8 ബാഗ്ദാദി റാതല്‍
തര്‍ക്കങ്ങളുടെ ഉറവിടം
                മദ്ഹബുകള്‍ക്കിടയിലെ ഈ അഭിപ്രായന്തരങ്ങളെ വിശദമായി പഠിക്കുമ്പോള്‍ അതിന്റെ ഉത്ഭവം നമുക്ക് കണ്ടെത്താനാവും 1 മുദ്ദ് = 1 1/3 റാതല്‍. 1 സ്വാഅ് = 5 1/3 റാതലെന്ന് കണക്കാക്കിയവര്‍ കാരക്ക, ബാര്‍ളി പോലെയുള്ള പഴവര്‍ഗങ്ങളെയും വിത്തുകളെയുമാണ് പരിഗണിച്ചിരിക്കുന്നത്. 1 മുദ്ദ് = 2 റാതല്‍, ഒരു സ്വാഅ് = 8 റാതല്‍ എന്ന് അഭിപ്രായപ്പെട്ടവര്‍ വെള്ളത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. അഭി പ്രായാന്തരങ്ങള്‍ ഉടലെടുത്തത്. ഇവിടെ നിന്നാണ്. കാരണം വെള്ളം പഴങ്ങളേക്കാളും വിത്തുകളേക്കാളും ഭാരമേറിയതാണ്. ഇക്കാര്യം അബൂദാവൂദിന്റെ വ്യാഖ്യാതാവ് ശൈഖ് മുഹമ്മദ് ഖത്താബു സുബ്കി റ) തന്റെ അന്‍ മന്‍ഹലില്‍ പറയുന്നുണ്ട്. (1/304)
                കുളിക്കാന്‍ മതിയാവുന്ന വെള്ളത്തിന്റെ അളവ് പറയുന്ന അദ്ധ്യായത്തില്‍ സുനനു അബൂദാവൂദില്‍ മഹാവനര്‍കര്‍ കൊണ്ട് വന്ന ഒരു വാക്യം ഇതിനു നിതാനമാണ്. അബൂദാവുദ് (റ) പറഞ്ഞു. അഹമ്മദ് ബുനു ഹമ്പല്‍ (റ) പറയുന്നതായി ഞാന്‍ കേട്ടു. ഇബാനു അബി ദിഅ്ബിന്റെ സ്വാഅ് 5 1/3 റാതലാണ്. എട്ടാണെന്ന അഭിപ്രായം രേഖപ്പെടുത്തപ്പെട്ടതല്ല. അബൂദാവുദ് (റ) പറഞ്ഞു.- അഹ്മദ് (റ) പറഞ്ഞു. ഫിത്ര്‍ സകാത്ത് നല്‍കുന്ന വ്യക്തി നമ്മുടെ ഈ റാതലിന്റെ കണക്കു വെച്ച് 5 1/3 നല്‍കിയാല്‍ അവന്‍ ബാദ്ധ്യത പൂര്‍ണമായി വീട്ടിയിരിക്കുന്നു.
                ഒരു  മുദ്ദ്  1 1/3 റാതലെന്നും 1 സ്വാഅ് 5 1/3 എന്നും പറഞ്ഞവര്‍ ഈത്തപ്പഴം ബാര്‍ലി പോലത്തെ സകാത്ത് നിര്‍ബന്ധമാവുന്നതിനെയാണ് പരിഗണിച്ചിരിക്കുന്നതെന്ന് ഈ ഉദ്ധരണി വ്യക്തമാക്കുന്നു.
                അബൂദാവൂദിന്റെ വ്യാഖ്യാനമായ ബദ്‌ലുല്‍ മജ്ഹൂദില്‍ പറയുന്നു. അനസ് (റ) തൊട്ട് റിപ്പോര്‍ട്ട്: മഹനവര്‍കള്‍ പറഞ്ഞു: റസൂലുല്ലാഹി (സ) തങ്ങള്‍ ഒരു മുദ്ദ് കൊണ്ടാണ് വുളു ചെയ്യാറുള്ളത്. ഒരു മുദ്ദ് 2 റിത്‌ലാണ്. ഒരു സ്വാഅ് കൊണ്ടാണ്ട് കുളിച്ചിരുന്നത് സ്വാഅ്  8 റാതലുമാണ്. (8/131)
~ഒരു മുദ്ദ് മണ്ടും സ്വാഅ് എട്ടും റാതലുകളാണെന്ന് അഭിപ്രാമുന്നയിച്ചവര്‍ വെള്ളത്തെയാണ് പരിഗണിച്ചതെന്ന് ഈ ഉദ്ധരണികളില്‍ നിന്നും വളരെ വ്യക്തമാണ്.
നാം പറഞ്ഞതിനെ സാധൂകരിക്കുന്ന മറ്റൊരുദ്ധരണി നോക്കൂ.. ശൈഖ് ഇബ്‌നു ഹജര്‍ (റ) പറഞ്ഞു. ഒരു മുദ്ദ് രണ്ട് റാതലാണെന്ന് പറയുന്ന ഹദീസ് ദുര്‍ബലമാണ്. മാത്രമല്ല അത് വെള്ളത്തിന്റെ സ്വാഇല്‍ വന്ന ഹദീസാണ്. അത് കൊണ്ട് തന്നെ സ്വഹീഹാണെന്ന് വന്നാല്‍ല്‍ പോലും അതില്‍ തെളിവില്ല. (തുഹ്ഫ 3/32)
                ഒരു മുദ്ദ് രണ്ടും സ്വാഅ് എട്ടും റാതലുകളാണെന്ന് പറഞ്ഞവര്‍ വെള്ളത്തെയാണ് പരിഗണിച്ചതെന്ന് ഇത് തെളിയിച്ചിരുന്നു. ഇബ്‌നു ഹജര്‍ (റ) തുടരുന്നു. മാലിക് (റ) പറഞ്ഞു. റസൂലുല്ലാഹി (സ) യുടെ സ്വാ ആണെന്ന് പറഞ്ഞ് ഇബ്‌നു ഉമര്‍(റ) നല്‍കിയ സ്വാഇനെ നാഫിഅ് (റ) ഞങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഞാനത് തൂക്കമൊപ്പിച്ച് നോക്കിയപ്പോള്‍ 5 1          /3 ഇറാഖി (ബാഗ്ദാദ്) റാതലായിരുന്നു.
ഒരു ഹജ്ജിന്റെ വേളയില്‍ കണ്ടുമുട്ടിയപ്പോള്‍ റശീദിന്റെ മുമ്പാകെ അബൂയൂസഫ് (റ) ഈ വിഷയത്തില്‍ മാലിക് (റ) നോട് തര്‍ക്കമുന്നയിച്ചു. തദവസരത്തില്‍ മദീനക്കാരുടെ സ്വാഉകള്‍ കൊണ്ടുവരാന്‍ റശീദ് ഉത്തരവിട്ടു. മദീനക്കാരെല്ലാവരും പറഞ്ഞു. പിതാക്കളിലൂടെ ഞങ്ങള്‍ക്കനന്തരം കിട്ടിയതാണ്. ഈ അളവുപാത്രങ്ങള്‍. നബി (സ) തങ്ങളിലേക്ക് ഫിത്ര്‍ സകാത്തിനെ അളന്ന് കൊടുത്തിരുന്നത് ഈ സ്വാഉകളെ കൊണ്ടായിരുന്നു. തുടര്‍ന്ന് അവ  തൂക്കി നോക്കിയപ്പോള്‍ 5 1/3 റാത്തില്‍ തൂക്കമാണ് അവക്കുണ്ടായിരുന്നത്.
ഫിത്വാറ് സകാത് ഈ സ്വാഉകളെ കൊണ്ട് അളന്നാണ് നല്‍കിയിരുന്നതെന്ന മദീനക്കാരുടെ വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. ഒരു മുദ്ദ് 1 1/3, സ്വാഅ് 5 1/3 എന്നിങ്ങനെ അഭിപ്രായപ്പെട്ടവര്‍ സകാത്ത് നല്‍കേണ്ടുന്ന പഴങ്ങളേയും വിത്തുകളെയും മാനദണ്ഡപ്പെടുത്തിയാണ് സ്വാഉം മുദ്ദും നിര്‍ണയിച്ചതെന്ന് ഇത് തെളിയിക്കുന്നു.
അമൂല്യജ്ഞാനം
  മുകളിലെ ചര്‍ച്ചകളില്‍ നിന്ന് ഒര മൂല്യജ്ഞാനം നമുക്ക് ലഭിക്കുന്നു. രണ്ട് ബാഗ്ദാദി റാതല്‍ വെള്ളം കൊള്ളാവുന്ന വിശാലതയുള്ള ഒരളവു പാത്രമാണ് മുദ്ദ്. എട്ട് ബാഗ് ദാദി റാതല്‍ വെള്ളതെത ഉള്‍കൊള്ളാവുന്ന വിശാലതയുള്ളതാണ് ഒരു സ്വാഅ്. ഒരു ബാഗ്ദാദി റാതല്‍ = 128.4/7 ദിര്‍ഹം
ഒരു ദിര്‍ഹം = 2.975 ഗ്രാം
ഇക്കാര്യം നാം മുമ്പ് പ്രതിപാധിച്ചിട്ടുണ്ട്. 128.4/7 നെ 2.975 ല്‍ ഗുണിച്ചാല്‍ ഒരു ബാഗ്ദാദി റാതല്‍ എത്ര ഗ്രാമാണെന്ന് മനസ്സിലാക്കാം. ഒരു മുദ്ദ് ഉള്‍കൊള്ളുന്ന റാതലുകളുടെ എണ്ണമായ 2 നെ ലഭിച്ച ഉത്തരത്തില്‍ ഗുണിച്ചാല്‍ ഒരു മുദ്ദ് വെള്ളത്തിന്റെ മെട്രിക് സിസ്റ്റത്തിലെ അളവ് ലഭിക്കുന്നു. അതത്രെ 765 ഗ്രാം അഥവാ 765 മില്ലി ലിറ്റര്‍
128 4/7 (128.571) x 2.975 = 382.50
382.50 x 2 = 765 മി.ഗ്രാം/മി.ലി.
ഒരു സ്വാ ഇല്‍ ഉള്‍കൊള്ളുന്ന മുദ്ദുകളുടെ എണ്ണമായ നാലിനെ 765 ല്‍ ഗുണിച്ചാല്‍ ലഭിക്കുന്ന ഉത്തരം ഒരു സ്വാഅ്  വെള്ളത്തിന്റെ ലിറ്ററും കിലോ ഗ്രാമുമായിരിക്കും. രണ്ടും തുല്ല്യമാണെന്ന് മുമ്പ് പറഞ്ഞതോര്‍ക്കുമല്ലോ.
765 x 4 = 3060 മി.ഗ്രാം/മി.ലി.
3060 / 1000 = 3.060 ലി/കി.ഗ്രാംറ്റര്‍
ഒരു സ്വാഅ് വെള്ളം = 3.060 ലിറ്റര്‍ /kg.
നാം ഇതുവരെ വിശദീകരിച്ചത് ഗ്രഹിക്കുമ്പോഴുണ്ടാവുന്ന ഒരു സംശയത്തിന് മറുപടി പറയാം.
ചോ:- ഒരു മുദ്ദ് 1 1/3 , ഒരു സ്വാഅ് 51/3 റാതലുകളെന്ന് പറയുന്നവര്‍ തന്നെ വെള്ളത്തിന്റെയും അല്ലാത്തവക്കുമിടയില്‍ വിത്യാസപ്പെടുത്തിയിട്ടില്ല. രണ്ടും തുല്ല്യമാണെന്നല്ലേ . ഇബാറത്തുകളില്‍ കാണുന്നത് ? ചിലത് നോക്കൂ.
വുളുവിന്റെ വെള്ളം ഒരു മുദ്ദിനേക്കാളും കുളിയുടെത് ഒരു സ്വാഇനേക്കാളും ചുരുങ്ങാതിരിക്കല്‍ സുന്നത്താണെന്ന മത്‌നിന് ചുവടെ ഇമാം മഹല്ലി (റ) എഴുതുന്നു. ഒരു സ്വാഅ് 4 മുദ്ദാണ്. ഒരു മുദ്ദ് 1 1/3 റാതലും (1/68) ഇതേ സ്ഥലത്ത് ഇബ്‌നു ഹജര്‍ (റ) എഴുതുന്നു. ഒരു മുദ്ദ് 1 1/3 റാതലും സ്വാഅ് 5 1/3 റാതലുമാണ്. ഇവ രണ്ടും ഏകദേശ കണക്കാണ് (1/282)
നിങ്ങള്‍ ഇതുവരെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ആശയങ്ങള്‍ക്ക് വിരുദ്ധമാണല്ലോ ഈ ഇബാറത്തുകള്‍ ?
ഉത്തരം: ഇത്തരത്തിലുള്ള ഇബാറത്തുകളെ വ്യാഖ്യാനിക്കേണ്ടതുണ്ട്. ഒരു മുദ്ദ് വെള്ളമെന്നതിന് 1 1/3 റാതല്‍ എന്നു പറഞ്ഞത് 1 1/3 റാതല്‍ വെള്ളം എന്ന അര്‍ഥത്തിനല്ല. പ്രത്യുത 1 1/3 റാത്തല്‍ സകാത്ത് ബാധിക്കുന്ന പഴങ്ങളും വിത്തുകളും കൊള്ളാവുന്ന ഒരു പാത്രം എന്നാണ്. ആ പാത്രത്തിന്റെ അളവില്‍ വെള്ളം ആവശ്യമാണ്. ആ വെള്ളം  1 1/3 റാതലിനോടല്ല മറിച്ച് 2 റാതലിനോടാണ്. ഇങ്ങനെ വ്യാഖ്യാനിക്കല്ല അനിവാര്യമാണ്. ഇല്ലെങ്കില്‍ ഫുഖഹാളന്റെ വാചകങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമുണ്ടെന്ന് പറയേണ്ടിവരും. കാരണം കുളിയുടെ അദ്ധ്യായത്തില്‍ ഒരു മുദ്ദ് വെള്ളമെന്നാല്‍ 1 1/3 റാതല്‍ വെള്ളമാണെന്നും സകാത്തിന്റെ ബാബില്‍  1 1/3 റാതല്‍ പഴങ്ങളോ ധാന്യങ്ങളോ ഉള്‍ക്കൊള്ളുന്നതാണെന്നും അവര്‍ വ്യക്തമാക്കി. പഴവര്‍ഗങ്ങളേക്കാളും ധാന്യങ്ങളേക്കാളും വെള്ളത്തിന് ഭാരമുണ്ടെന്നത് ലളിത സത്യമല്ലേ. ഒരേ പാത്രത്തില്‍ അവ രണ്ടും തുല്‍ തൂക്കമാവുക എന്നത് സാധാരണഗതിയില്‍ അസാധ്യമാണ്. അതുകൊണ്ടുതന്നെ ഫുഖഹാഇന്റെ വാക്യങ്ങള്‍ക്ക് മേല്‍ വ്യാഖ്യാനം നല്‍കല്‍ അനിവാര്യമായി.
               
'ഏകദേശം' എന്ന് ഇബ്‌നു ഹജര്‍ (റ) പ്രയോഗിച്ചിരിക്കുന്നത് വെള്ളത്തിന്റെ മുദ്ദും സ്വാഉം നിര്‍ണയിക്കുന്നിടത്ത് മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. സകാത്ത് നല്‍കേണ്ടുന്ന പഴവര്‍ഗങ്ങളുടെയോ ധാന്യങ്ങളുടെയോ മുദ്ദ് നിശ്ചയിക്കുന്നിടത്ത് ഏകദേശമെന്ന് പ്രയോഗിച്ചിട്ടില്ല. വെള്ളത്തിന്റെ മുദ്ദും സ്വാഉം നിര്‍ണയിച്ചത് കൃത്യമല്ലെന്നത് നാം നല്‍കിയ വ്യാഖ്യാനത്തിന് ബലമേകുന്നു. മാത്രമല്ല ഒരു മുദ്ദ് വെള്ളം രണ്ടു റാതലാണെന്ന ഇബ്‌നു ഹളുര്‍ (റ) ഉദ്ധരണി നേരത്തെ ചര്‍ച്ചക്ക് വന്നിട്ടുണ്ട്. ഇത് നമ്മുടെ വ്യാഖ്യാനത്തെ ശരിവെക്കുന്നു. കുഴിയളവ് നോക്കേണ്ടതില്‍ തൂക്കം പറയുന്നത് വ്യക്തതക്ക് വേണ്ടി മാത്രമാണെന്നും കുഴിയളവിനാണ് പ്രാധാന്യമെന്നും ഫുഖഹാഅ് വ്യക്തമാക്കിയത് ഇവിടെ കൂട്ടി വായിക്കുക. സ്വഹാബികളില്‍ നിന്നും പരിചയപ്പെട്ടതു പ്രകാരം നബി (സ) യുടെ കാലഘട്ടത്തിലെ കുഴി അളവുകളാണ് ധാന്യങ്ങളില്‍ പരിഗണിക്കേണ്ടത്. അതിന്റെ തൂക്കം കണക്കാക്കുന്നത് വ്യക്തതക്ക് വേണ്ടി മാത്രമാണ്. (തുഹ്ഫ  1 /23, നിഹായ  1 /72 മുഗ്നി  1 /118
ദാഇറതുമആരിഫില്‍ ഇസ്ലാമിയ്യയില്‍ ഒരു ഭീമാബദ്ധം സംഭവിച്ചിരിക്കുന്നു. ദാഇറതുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യ വാ: 14 പേ:105 ല്‍ പറയുന്നു. ശറഇല്‍ ഒരു സ്വാഅ് 26 2/3 റാതലുകളാണ്. ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത  മോശമായ തെറ്റാണിത്.
ഖസ്‌റിന്റെ വഴി ദൂരം
യാത്ര ദീര്‍ഘമായാലല്ലാതെ ജംഉം ഖസറും അനുവദിക്കപ്പെടില്ലെന്നത് ശാഫിഈ മദ്ഹബില്‍ സുവിദിതമാണ്.
ദീര്‍ഘയാത്രയെ ശാഫിഈ മദ്ഹബ് നിര്‍ണയിക്കുന്നതിപ്രകാരമാണ്.
ദീര്‍ഘ യാത്ര    = 2 മര്‍ഹല
2 ബരീദ്  = 4 ബരീദ്
1 ബരീദ്  = 4 ഫര്‍സഖ്
1 ഫര്‍സഖ് = 3 ഹാശിമീ മൈല്‍
2 മര്‍ഹല  = 48 ഹാശിമീ മൈല്‍
3x4 = 12, 12x4 = 48          
ഒരു ഹാശിമീ മൈ = 6,000 മുഴം.
മദ്ധ്യനിലയിലെ ഒരു മുഴം 46.1 സെ.മീ. ആണെന്ന് മുമ്പ് സമര്‍ത്ഥിച്ചത് പ്രകാരം ഒരു ഹാശിമി മൈല്‍ 2766 മീറ്ററായിരിക്കും. 46.1 x 6000 = 276600 സെ.മീ.
276600/100 = 2766 മീറ്റര്‍
ഇതു 2km.766mtr. 2.766 km നെ 2 മര്‍ഹലക്കുള്ളില്‍ വരുന്ന ഹാശിമീ മൈലിന്റെ എണ്ണമായ 48 ല്‍ ഗുണിച്ചാല്‍ 2 മര്‍ഹലയുടെ കൃത്യമായ കിലോ മീറ്റര്‍ ലഭിക്കുന്നു. 2.766 48 = 132. 768km
മെട്രിക് രീതിയില്‍ 2മര്‍ഹല = 132.768km
ഇംഗ്ലീഷിന്ത്യന്‍ മൈല്‍ 1609.3 മീറ്ററാണല്ലോ. ഇതിനെ 132768 മീറ്ററില്‍  ഹരിച്ചാല്‍ 2 മര്‍ഹലയുടെ ഇന്ത്യന്‍ നാഴിക ലഭ്യമാവും.
132768/1609.3 = 82.5
2 മര്‍ഹല = 82.5 ഇന്ത്യന്‍  മൈല്‍
നാം നല്‍കിയ കണക്കുകളെ സാധൂകരിക്കുന്ന ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു
                അനുവദനീയമായ ദീര്‍ഘയാത്രയില്‍ അദാആയി നിര്‍വഹിക്കപ്പെടുന്ന നാല് റക്അതുള്ള നിസ്‌കാരങ്ങളെ ചുരുക്കി നിസ്‌കരിക്കാം. ദീര്‍ഘയാത്രയുടെ ദൂരപരിധി 48 ഹാശിമീ മൈലാണ്. അഥവാ ഒട്ടകത്തിന്റെ നടത്തമനുസരിച്ച രണ്ട് മര്‍ഹല (മിന്‍ഹാജ്).   ഈ മത്‌നിനു വ്യാഖ്യാനമായി നിഹായ എഴുതുന്നു. കാരണം ഇബ്‌നു ഉമറും ഇബ്‌നു അബ്ബാസും (റ) 4 ബുര്‍ദ് ലക്ഷ്യമാക്കിയുള്ള യാത്രയില്‍ നിസ്‌കാരം ചുരുക്കുകയും നോമ്പ് മുറിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇവരോട് ആര്‍ക്കെങ്കിലും എതിര്‍പ്പുള്ളതായി അറിയപ്പെട്ടിട്ടില്ല. ഇത്‌പോലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാചകരില്‍ നിന്ന് കേള്‍ക്കാതെ ചെയ്യാനും വഴിയില്ല. ഒരു ബരീദ് 4 ഫര്‍സഖാണ്. ഒരു ഫര്‍സഖ് മൂന്ന് മൈല്‍, ഒരു മൈല്‍ 4,000 ചവിട്ടടി. ഒരു ചവിട്ടടി 3 കാല്‍പാദം. അപ്പോള്‍ ഒരു മൈല്‍ 12,000 കാല്‍ പാദത്തിനു തുല്ല്യം. മുഴം ആധാരമാക്കി കണക്കാക്കുന്നുവെങ്കില്‍ ഒരു മൈല്‍ 6,000 മുഴം. ഒരു മുഴം 24 വിരലിന്റെ വീതി. ഒരു വിരല്‍ മധ്യനിലയിലെ 6 ധാന്യങ്ങളുടെവീതി. ഒരു ബാര്‍ളി ധാന്യം തുര്‍ക്കികുതിരയുടെ 6 മുടിയുടേതിന് തുല്ല്യം. അപ്പോള്‍ ഖസ്‌റിന്റെ വഴി ദൂരം. 576000 കാല്‍ പാദമോ 288000 മുഴമോ 6912000 വിരലോ 41472000 ധാന്യമണികളുടെ വീതിയോ 248832000 കുതിരമുടിയോ ആണ്. തുഹഫ 2/379,നിഹായ 2/246 ലും അല്‍ ഈളാഹുവത്തിബ്‌യാനിലും ഈ കണക്കുകള്‍ നിരത്തിയത് കാണാം.
ഇബ്‌നു ഇബ്‌നു ഉമറും ഇബനു അബ്ബാസും (റ) 4 ബരീദ് വഴി ദൂരത്തില്‍ ഖസ്‌റാക്കാറുണ്ട്. അത് 16 ഫര്‍,ഖാണ്. (ബുഖാരി 147)
4 ബുര്‍ദില്‍ ഇബനു ഉമര്‍ (റ) ഉസ്‌റാക്കാറാണ്ടെന്ന് മുവത്വയില്‍ സ്വഹീയായി വന്നിട്ടുണ്ട്. (ശറഹ് മുഹജബ്-4/328)
അമവീ മൈല്‍
രണ്ട് മര്‍ഹല = 48 ഹാശിമീ മൈല്‍ ആണെന്ന് നേരത്തെ പറഞ്ഞു.
6 ഹാശിമീ മൈല്‍ = 5 അമവി മൈല്‍, അപ്പോള്‍ 2 മര്‍ഹല = 40 അമവീ മൈല്‍ (48/6 = 8x5 = 40)
ദീര്‍ഘയാത്ര കൊണ്ട് വിവക്ഷിക്കപ്പെടുന്നത് 48 ഹാശിമീ മൈലാണ് (തുഹ്ഫ 2/379) 40 അമവീ മൈല്‍ എന്നു പറയാം. കാരണം ഓരോ 5 അമവീ മൈലും 6 ഹാശിമീ മൈലാണ് എന്നിരിക്കെഒരു അമവീ മൈല്‍ = 7200 മുഴം/ 331920 സെന്റിമീ/ 3319.2 മീ/ 3.3192 കിലോ മീറ്റര്‍/ ഇതിനെ 40 കൊണ്ട് ഗുണിച്ചാല്‍ 2 മര്‍ഹല = 3.3192x 40 = 132.768 കി.മീ.
സംശയം
ബൈഹക്കീയും ശാഫിഈയും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം ഇബ്ബാസ് (റ) വിനോട് ചോദിക്കപ്പെട്ടു. അറഫ വരെ യാത്ര ഉദ്ദേശിച്ചാല്‍ ഖസ്‌റാക്കാമോ ? മറുപടി. ഇല്ല. ഉസ്ഫാന്‍, ജിദ്ദ, താഇഫ് വരെയെങ്കില്‍ ഖസ്‌റുണ്ട് (ശറഹുല്‍ മുഹദബ് 4/328) മക്കക്കും ഇവക്കുമിടയില്‍ 70,90 km മാത്രമാണുള്ളത്.  ഇത് നാം കണ്ടെതത്തിയതിനേക്കാളും വളരെ കുറവാണല്ലോ?
ഉത്തരം : മക്കയില്‍ നിന്നും ഇവിടങ്ങളിലേക്കുള്ള ഇന്നതെത വഴിയല്ല അന്നുണ്ടായിരുന്നത്. ഇബ്‌നു അബ്ബാസ് (റ) ന്റെ കാലത്ത് വഴി 2 മര്‍ഹല ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍, അല്ലെങ്കില്‍ 2 മര്‍ഹലയുണ്ടെന്ന ധാരണ വെച്ചാണ് ഇങ്ങനെ സംസാരിച്ചതെന്നും വരാം.
കര്‍മ്മകാര്യങ്ങളില്‍ നമ്മുടെ ധാരണ കൊണ്ട് മതിയാക്കപ്പെടാമല്ലോ.റ്റ
മിന്‍ഹാജില്‍ ഇങ്ങനെ കാണാം : ലക്ഷ്യസഥാനത്തേക്ക് ചെറുതും വലുതുമായ രണ്ട് വഴികളുണ്ടെങ്കില്‍ ആവശ്യത്തിന് വേണ്ടി ദീര്‍ഘമായ വഴി തെരെഞ്ഞെടുത്താലും ഖസ്‌റാക്കാവുന്നതാണ്.
ദീര്‍ഘയാത്രയായ 48 ഹാശിമീ മൈല്‍ ഉണ്ടെന്ന പ്രബലമായ ധാരണ മതി. സംശയമുണ്ടെങ്കില്‍ അന്വേഷിക്കേണ്ടതുണ്ട് (നിഹായ 2/245)
മാറും മര്‍ഹലയും
ഒരു മാര്‍ 2 കൈ നീട്ടമാണ്. (ഖാമൂസ്) കൈകളെ ഇടത്തും വലത്തുമായി നീട്ടിപ്പിടിച്ചാല്‍ 2 മുന്‍ കൈക്കിടയിലെ അകലമാണ് ഒരു മാര്‍ (അല്‍മിസ്ബാഹുല്‍ മുനീര്‍)
ഇത് സംബന്ധമായി ശറഹുല്‍ മന്‍ഹജില്‍ ഒരു ചോദ്യം ഉന്നയിക്കുന്നു. ഒരു മൈല്‍ = 1000 മാര്‍, ഒരു മാര്‍ 4 മുഴം, ഒരു മുഴം 24 വിരല്‍ എന്ന് ചില പണ്ഡിതര്‍ എഴുതിയതായി കാണാം. ഇങ്ങനെയെങ്കില്‍ ഒരു മൈല്‍ നാലായിരം മുഴമാണുണ്ടാവുക. അതാണെങ്കിലോ ഒരു മൈല്‍ ആറായിരം മുഴമാണെന്ന് ഇമാമുകള്‍ വ്യക്തമാക്കിപ്പറഞ്ഞതിന് വിരുദ്ധമാണ്. ഇവക്കിടയില്‍ എങ്ങനെയാണ് യോജിപ്പിക്കാനാവുക?
 ഇവിടെ രണ്ട് മറുപടി നല്‍കാം.

1 - ഒരു മൈല്‍ 4000 മുഴമാണന്ന് ഗോള ശാസ്ത്ര പണ്ഡിതരുടെ ഭാഷയാണ്. ഫുഖഹാളന്റെ സങ്കേതിക ഭാഷയില്‍ ഒരു ഹാശിമീമൈല്‍ = 6000 മുഴമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് സാങ്കേതിക ഭാഷകളെ തിരിച്ചറിയുന്നതില്‍ വന്ന ധാരണ പിശകാണിവിടെ സംഭവിച്ചിരിക്കുന്നത്. ഒരു മൈല്‍ ഭൂമിയില്‍ നിന്നും കണ്ണെത്തും ദൂരമാണ്. എന്നാല്‍ പ്രാചീനഗോളശാസ്ത്രജ്ഞന്‍മാരുടെയടുത്ത് ല്‍  3000 മുഴമാണ്. ആധുനികരുടെ ഇടയില്‍ല്‍ 4000 മുഴമാണ്. (മിസ്ബാഹുല്‍ മുനീര്‍ 2/110)
ഒരു ഹാശിമീ മൈല്‍ 1000 ലാറ്റിന്‍ മാര്‍യെന്നാണ് മുന്‍ജിദില്‍ പറയുന്നത്. ലാറ്റിന്‍ എന്ന് മുന്‍ജിദില്‍ (ബാക്കറ്റില്‍ പ്രത്യേകം നല്‍കിയതില്‍ നിന്ന് അറബിക്കും അതിനുമിടയില്‍ വ്യത്യാസമുണ്ടെന്ന് ഗ്രഹിക്കാവുന്നതാണ്. ഇറ്റലിയിലെ ലാതിയൂം എന്ന അതിപുരാതന പ്രവിശ്യയാണ് ലാറ്റിന്‍ (മുന്‍ജിദ് 2/207)
2. മുഴവും, 1 1/2 മുഴവും വരുന്ന ഖതുവതും തമ്മില്‍ തിരിച്ചറിയാതെ വന്നതാണ് ചോദ്യത്തിന് നിമിത്തമായത്. ഫുഖഹാളന്റെ സമീപം ഒരു മൈല്‍ 4000 ചവിട്ടടിയാണല്ലോ. മുഴവും ചവിട്ടടിയും തിരിച്ചറിയാതെ വന്നപ്പോള്‍ ഒരു ഹാശിമീ മൈല്‍ 1000 മാറാണെന്ന് തെറ്റിദ്ധരിച്ചു. 4000 മുഴം 1000 മാറാണുണ്ടാവുക. ഒരു മാര്‍ നാലു മുഴമാവുമ്പോള്‍ 4000 മുഴം 1000ള്‍മാറായിരിക്കും. ചുരുക്കത്തില്‍ ഒരു ഹാശിമീ മൈല്‍ 1500 മാറാണെന്ന കണക്കാന് ശരി. അതാണ് ഫുഖഹാഅ് പറയുന്നതിനോട് യോചിക്കുന്നത്.ള്‍
ഫിത്വ്ര്‍,പഴ, ധാന്യ സകാത്തുകള്‍
ഫിത്വ്‌റ് സകാത്തിന്റെ  അളവായ ഒരു സ്വാഅ് എത്രയാണെന്ന് മുമ്പ് വിശദീകരിച്ചു. സകാത്ത് നല്‍കേണ്ടുന്ന പഴങ്ങളുടെയും ധാന്യങ്ങളുടെയും അളവുകള്‍ വിശദീകരിക്കാം.
5 വസഖ് ഉണ്ടാകുമ്പോഴാണ് ഇവക്ക് സകാത്ത് നിര്‍ബ്ബന്ധമാകുന്നത്. 1 വസഖ് = 60 സ്വാഅ്,5X
60= 300 സ്വാഅ്. ഒരു സ്വാഅ് = 3.060 ലിറ്റര്‍, 300 x 3.060= 918 ലിറ്ററുണ്ടായാല്‍ സകാത്ത് നിര്‍ബ്ബന്ധമാണ്. 918 ലിറ്ററില്‍ നിന്നും ദാനം ചെയ്യല്‍ നിര്‍ബന്ധമായത് അതിന്റെ പത്തിലൊന്നോ അതിന്റെ പകുതിയോ (1/20) ആയിരിക്കും. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ അക്കാര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പത്തിലൊന്നാണ് നിര്‍ബ്ബന്ധമാകുന്നതെങ്കില്‍  91.830 ലിറ്ററും അതിന്റെ പകുതിയാണെങ്കില്‍ 45.9 ലിറ്ററുമായിരിക്കും (918 / 10 =91.8, 918/20 =45.9)
സ്വര്‍ണ്ണം
20 മിസ്ഖാല്‍ (ദീനാര്‍) ഉണ്ടായാലാണ് സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബ്ബന്ധമാവുകയെന്ന് സുവിദിതമാണ്. ഒരു മിസ്ഖാല്‍ 4.25 ഗ്രാമാണെന്ന് മുമ്പ് വിശദമാക്കിയിട്ടുണ്ട്. 20 നെ 4.25 ഗുണിച്ചാല്‍ കിട്ടുന്ന 85 ഗ്രാമില്‍ നിന്ന് നിര്‍ബന്ധ ദാനുമായി നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണല്ലോ (1/40)= അത് 2.125ഗ്രാം ആകുന്നു. (85 / 40 =2.125)
വെള്ളി
വെള്ളി 200 ദിര്‍ഹമുണ്ടെങ്കിലാണ് വെളളിയുടെ സകാത്ത് നിര്‍ബന്ധമാകുക. ഒരു ദിര്‍ഹം 2.975 ആണെന്ന് മുമ്പ് പറഞ്ഞു. ഇതു പ്രകാരം 595 ഗ്രാം വെള്ളിക്കാണ് സകാത്ത് നിര്‍ബന്ധമാവുക (200X2.975=595). വെള്ളിയെന്നാ


വെള്ളിയിലും നിര്‍ബ്ബന്ധദാനം നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണ് 14.875 ഗ്രാം ആണ് അത് 595 /40 = 14.875 ഗ്രാം
ഇന്ത്യന്‍ ഉറുപ്പിക പ്രകാരം വെള്ളിയുടെ കണക്കുകള്‍ പരിശോധിക്കാം. 200 ദിര്‍ഹം വെള്ളിയെന്നാല്‍ 51 7/8 (51.875) ഇന്ത്യന്‍ ഉറുപ്പികയാണെന്ന് നമ്മുടെ നാടുകളില്‍ പ്രസിദ്ധമായിട്ടുണ്ട്. ചാലിലകത്ത് കുഞ്ഞമ്മദാജിയോടാണ് ഇത് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഒരിന്ത്യന്‍ ഉറുപ്പിക 11.664 ഗ്രമാണേല്ലോ. വെള്ളിയുടെ നിസ്വാബ് 595 ഗ്രാം ആകുമ്പോള്‍ ഇന്ത്യന്‍ ഉറുപ്പിക 51.012 ആയിരിക്കും.
595 / 11.664 = 51.012
ചാലിലകത്തിലൂടെ പ്രചരിക്കപ്പെട്ടത് ഇതിനേക്കാള്‍ അല്‍പം (0.863 ഉറുപ്പിക) കൂടുതലുണ്ട്. അതു പ്രകാരം ഒരു ദിര്‍ഹം 3.02535 ഗ്രാം ആകും. നാം പറഞ്ഞ 2.975 നേക്കാള്‍ ഇത് ഏതാണ്ട് 50 മില്ലി ഗ്രാം അധികമുണ്ട്. ശര്‍വാനി 3/265 ല്‍ പറയുന്നു. സയ്യിദ്ദ് മുഹമ്മദ് അസ്അദ് മദനി (റ) പറഞ്ഞു. ഇന്ത്യന്‍ രാജക്കന്‍മാരുടെ നാണയമാണ് റൂബിയ. 52 റൂബിയയാണ് അതില്‍ നിന്നുള്ള നിസാബ്. ഇത് നാം പറഞ്ഞതിനേക്കാള്‍ ഒരു റൂബിയ തന്നെ അധിമാകുന്നുണ്ട്. ഒരു ദിര്‍ഹം 3.12 ഗ്രാമും ഒരു ഉറുപ്പിക 12 ഗ്രാമുമാണെന്ന ദുര്‍ബലമായ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതുപ്രകാരം ഒരു ദിര്‍ഹം 3.033 ഗ്രാമാവും. ഇത് രണ്ടും വസ്തുനിഷ്ഠ അളവിന് വിരുദ്ധമാണ്.
ഹനഫി ഗ്രന്ഥമായ കശ്ഫുല്‍ അസ്താന്‍ ബിഹാമിശി ദുററുല്‍മുഖ്താര്‍ എന്ന ഗ്രന്ഥത്തില്‍(പേജ് 34 ല്‍) പറയുന്നു. നമ്മുടെ  നാട്ടില്‍ (ഇന്ത്യ) വെള്ളിയുടെ നിസാബ് 52 1/2 തോളയാണ്. ഇത് ശര്‍വാനി പറഞ്ഞതിനേക്കാളും കൂടുതലാണ്.
ശാലിയാത്തി പറയുന്നത്
ശൈഖ് അഹ്മദ് കോയ ശാലിയാത്തി (റ) തന്റെ ഫതാവയില്‍ പറയുന്നു. (ഒരു ഇറാഖി റാതല്‍ (ബഗ്ദാദി) നാം മനസ്സിലാക്കിയതനുസ,രിച്ച് 41.625 ഉറുപ്പിക തൂക്കമാകുന്നു. ഇതനുസരിച്ച്
ഒരു ഇറാഖിറാതല്‍ = 41.625 റൂബിയ
ഒരു റൂബിയ = 11.664 ഗ്രാം
11.664 x 41.625  = 485. 51ഗ്രാം
ഒരു ഇറാഖിറാതല്‍ = 485.51 ഗ്രാം
ഒരു ബാഗ്ദാദി റാതല്‍ = 128 4/8 ദിര്‍ഹം (128.5)
485.51 / 128 4/8 = 3.78
3.78 x 200 = 753 ഗ്രാം
ഇതു പ്രകാരം 753 ഗ്രാമാണ് വെള്ളിയുടെ നിസാബ്, ശാലിയാത്തിയുടെ ഈ കണക്ക് നാം നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ അധികമായി പോകുന്നു. പകര്‍ത്തി എഴുത്തുകാരില്‍ നിന്നോ വായിച്ച് കൊടുത്ത് എഴുതിയെടുത്തവരില്‍ നിന്നോ ഉള്ള പിശകായിരിക്കും. അതിനാല്‍ ശരിയാവാന്‍ സാധ്യതയുള്ളത് 31 1/2 1/4 റൂബിയ എന്നതായിരിക്കും. മാത്രമല്ല ഈ പറഞ്ഞത് ചെമ്പിന്റെ കലര്‍പ്പില്ലാത്ത ഉറുപ്പികയുടേതാണ്.
ശേഷമുള്ള വരികള്‍ അതിന് ഉപോല്‍പലകമാണ്. അപ്പോള്‍ ഏകദേശം നാം പറഞ്ഞതിനോട് തുല്ല്യമായി വരുന്നു.
ഗവേഷണ ഫലം
1 മുദ്ദ്    = 765 ml
1 സ്വാഅ്  = 3.060.l
സകാത് നിര്‍ബന്ധമാവുന്ന അളവ് (പഴം, ധാന്യം)   = 918 l
നിര്‍ബന്ധ ദാനം 1/10        = 91.8 l
1/20       = 45.9
ഫിത്വ്‌റ് സകാത്ത്   = 3.060 l
ഒരു മുഴം = 46.1 cm
കാല്‍പാദം    =23.05 cm
ചവിട്ടടി   = 69.15 cm
2 ഖുല്ലത്ത് വെള്ളം   = 191.25 l
2 ഖുല്ലത്ത് വെള്ളം   = 191. 25 kg
2 മര്‍ഹല  = 132.768 km
1 മാറ്ര്‍-   =    184. 4 cm
ഹാശിമി മൈല്‍ = 2766 m
അമവീ മൈല്‍  = 3319.2m
ഫര്‍സഖ്   =8298 m
ബരീദ്    = 33192 m        
ഒരു മര്‍ഹല    = 66384 m
ദിര്‍ഹം 1      = 2.975 g
വെള്ളിയുടെ നിസ്വാബ് = 595 g
നിര്‍ബന്ധദാനം  = 14.875 g
മിസ്ഖാല്‍, ദീനാര്‍-1           = 4.25g
സ്വര്‍ണത്തിന്റെ നിസാബ്   = 85g. (10 പവന്‍ 5 ഗ്രാം )
നിര്‍ബന്ധ ദാനം = 2.125 ഗ്രാം



ഇത് വെബ്ലോഗത്തെക്ക് സമര്‍പ്പിക്കാനായത്തില്‍ അല്ലാഹുവിനെ സ്തുദിക്കുന്നു. അല്ഹമ്ദുലില്ലാഹ്, നിങ്ങളുടെ ദുആകളില്‍ ചെരിയൊരിടം തരണമെന്ന അപേക്ഷയോടെ:- യമനൊളി +918943718257

5 Response to "ശറഈ ഗണിതങ്ങള്‍ മെട്രിക് വ്യവസ്ഥയിലൂടെ"

thwahayamani said...

alhamdulillah jazakkallahu hayra ameen

Unknown said...

allaahu irulokathum upakaarappedunna arivu vardippichu nalkatte..... ameen

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

Anonymous said...

جزاك الله كل الخير في الدنيا والآخرة

semiseni said...

جزاك الله
تقبل الله جميع مجهوداتنا المكشفة واعمالنا الخالصة ...ابو بشر دارمي

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog